Sunday, February 17, 2008

തിരിച്ചുപോക്ക്

നാട്ടിലേക്ക് തനിയെ പുറപ്പെടുമ്പോള്‍ മനസ്സ് കൂടു തുറന്നു കിട്ടിയ ഒരു പക്ഷിയെ പോലെ. വളരെ കാലത്തിനു ശേഷം ജനിച്ചു വളര്‍ന്ന നാട്ടിലെത്തുുന്നു. കുന്നുകളും, പാടവും, തോടും. അതിലൂടെ തുള്ളിച്ചാടി നടന്നിരുന്ന ഒരു പെറ്റിക്കോട്ടുകാരി. അറിയാതെ വന്ന പുഞ്ചിരി സഹയാത്രികയ്ക്ക് കൈമാറി...
രാവിലെ കുളിച്ച് അമ്പലത്തിലേയ്ക്കെന്നു പറഞ്ഞ് പുറപ്പെട്ടു , പാടവരമ്പിലെ മഞ്ഞുതുള്ളികള്‍ വീണ്ടെടുക്കാന്‍...... ഇളം കാറ്റില്‍ തലയാട്ടി നിന്നിരുന്ന കാട്ടുചെടികളെ തൊട്ടുതലോടാന്‍......നീര്‍ച്ചാലില്‍ നൃത്തം ചെയ്യുന്ന പായല്‍ നൂലുകളെ നുള്ളിയെടുക്കാന്‍...

ആവേശത്തോടെ കുന്നിറങ്ങി....പാടവരമ്പിലെത്തി.....

ദൂരെ ഫ്ലാറ്റില്‍ ഭര്‍ത്താവ് ഉണര്‍ന്നു കാണുമോ?മകന്‍ തന്നത്താനെ ചായ ഉണ്ടാക്കുകയായിരുക്കും.വയസ്സ് പതിനെട്ടായെങ്കിലും വല്ലാത്ത അശ്രദ്ധയാണ്...ഗ്യാസ് ഓഫാക്കി കാണുമോ?.. ശ്ശോ! തിരക്കില്‍ ഷര്‍ട്ടും പാന്‍സും ഇസ്തിരിയിട്ടു വച്ചിരിയ്ക്കുന്നത് പതിവു സ്ഥലത്തല്ല. അത് തിരഞ്ഞ് മൂപ്പരിന്ന് ഓഫീസിലെത്താന്‍ നേരം വൈകും..പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ മകളുടെ വയറിന് അസുഖം പതിവാണ്.......

"ഇതാ പ്രസാദം"
എവിടെ എന്റെ പാടവരമ്പും മഞ്ഞുതുള്ളികളും.....
ഒന്നും കണ്ടില്ലല്ലോ.......

Monday, February 4, 2008

കുറുമലയിലെ എരുമകള്‍ -കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 48)

ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി ഗവേഷകനായി കാലിഫോര്‍ണിയയിലെത്തിയ ഡോ. കൃഷ്ണനുണ്ണി..
ഭൂമിയിലെ ആദ്യത്തെ കൃത്രിമ ജീവന്‍ ഉല്പാദിപ്പിക്കാനൊരുങ്ങുന്ന നാല്പതംഗസംഘത്തിലെ
ഒരേയൊരു ഏഷ്യാക്കാരന്‍....
ദൈവത്തിന്റെ വളരെ അടുത്തെത്തിയിരിക്കുന്നു ചേട്ടന്‍ എന്നു മനസ്സിലാക്കുന്ന
അനിയന്‍ രാമനുണ്ണി....
പക്ഷേ വീട്ടുകാരേയും നാട്ടുകാരേയും അമ്പരപ്പിച്ചുകൊണ്ട് കൃഷ്ണനുണ്ണി നാട്ടില്‍ തിരിച്ചെത്തുന്നു, നാട്ടിലെ
എരുമകളെ വാങ്ങിക്കൂട്ടുന്നു........

കഥയിലെ വരികള്‍....
"............നാലുമണിക്ക് സൂര്യനോടൊപ്പം,കുറുമലപ്പുഴയില്‍ ഇറങ്ങി. അയാളും അവറ്റയും വെള്ളത്തില്‍ നീരാടിക്കളിച്ചു.
ഓരോന്നിനെയും അടുത്തുവിളിച്ച് പുല്ലും ചപ്പിലയും കൂട്ടിതേച്ചുകഴുകി. ജലം കിനിയുന്ന കണ്ണുകളാല്‍ അവ അയാളെ നോക്കി.
എണ്ണമറ്റ ജീവികളുടെ ശ്വാസം.ജൈവവും അജൈവവുമായവ. ധാതുക്കള്‍ . പുല്ലുകള്‍, പായലുകള്‍,കീടങ്ങള്‍ ,മൃഗങ്ങള്‍,മനുഷ്യര്‍.
അമ്മയില്‍ നിന്ന് ജനിച്ചവ, അണ്ഡങ്ങള്‍ പൊട്ടിവിരിഞ്ഞവ.കോശവിഭജനത്തിലൂടെ ഉരുത്തിരിഞ്ഞവ.ഏകകോശങ്ങള്‍. ബഹുകോശങ്ങള്‍ .ബഹുശ്ശതകോശങ്ങള്‍
ഓരോ കോശങ്ങളിലും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ജനിക്കുന്നു.അസ്തമിക്കുന്നു. ഓരോ കോശത്തിലും
സ്വര്‍ഗനരകങ്ങളും മൂന്ന് കാലങ്ങളും. അന്തമറ്റ ജനനങ്ങളിലൂടെയും മരണങ്ങളിലൂടെയും ജീവികള്‍ കടന്നുപോകുന്നു.
ജനനങ്ങളും മരണങ്ങളും ബാഹ്യമായ അവസ്ഥകളാണ്. ശരിയായ യാഥാര്‍ഥ്യമല്ല..........."

നാറാണത്തുഭ്രാന്തന്റെ മാനസികഔന്നത്യം നേടിയിരിക്കുന്നൂ, കൃഷ്ണനുണ്ണി.


കെ .അരവിന്ദാക്ഷന്റെ കഥയുടെ വളര്‍ച്ച മനോഹരമായിരിക്കുന്നു.അരവിന്ദാക്ഷന് ആശംസകള്‍

Sunday, February 3, 2008

ഊര് കാവല്‍

മാത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചുവരുന്ന സാറാ ജോസഫിന്റെ നോവല്‍ ഊര് കാവല്‍ എം.ടി യുടെ വഴിയില്‍ സഞ്ചരിക്കുന്നു. ചരിത്രത്തിലും പുരാണങ്ങളിലും പാടിപ്പതിഞ്ഞ കഥാപാത്രങ്ങളെ മറ്റൊരു കോണില്‍ ക്കുടി നോക്കിക്കാണുന്ന രീതി....എംടി യുടെ ഭീമന്‍, ചന്തു, പെരുന്തച്ചന്‍....
വായനക്കാര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ കഥാപാത്രങ്ങള്‍.....

സാറാ ജോസഫിന്റെ "ഒതപ്പ് " എന്ന നോവല്‍ പോലെ
ഒരു സുതാര്യ‍ ത ഊരുകാവലില്‍ അനുഭവപ്പെട്ടിരുന്നില്ല , തുടക്കത്തില്‍ ......
പിന്നീടതു മാറി..ഈ വരികള്‍ നോക്കൂ
"എനിക്കു തോന്നുന്നത് അയാളുടെ ഉള്ളില്‍ അവളില്ലെന്നാണ് ."
മുച്ലിയില്‍ നിന്നുള്ള ആതിയന്‍ പറഞ്ഞു
........................................
......
"ഞാന്‍ പറഞ്ഞത് ശരിയല്ലേ? ഉള്ളിലുള്ളവളെ
തേടാന്‍ എന്തിനാ അയാള്‍ക്ക് പരസഹായം?"

തുടര്‍ന്നു വായിക്കുക (പുസ്തകം 85,ലക്കം 47)
പരസ്പരസ്നേഹം സാറാ ജോസഫിന്റെ വാക്കുകളില്‍ അതീവ ഹൃദ്യ‍ം....