Sunday, February 1, 2009

ക​ണ്ണടച്ചു് ഇരുട്ടാക്കരുതു്...!!

അദ്ധ്യാപകര്‍ക്കായി മാസം തോറും നടത്തുന്ന ക്ലസ്റ്റര്‍ യോഗം

കഴിഞ്ഞ ക്ലസ്റ്റര്‍ യോഗത്തില്‍, കുട്ടികള്‍ക്കു് ലഭിക്കുന്ന ഗ്രേഡിനെക്കുറിച്ചു് ചര്‍ച്ച നടന്നു. ഒന്നാം തരത്തില്‍ ഏ ഗ്രേഡും ബി ഗ്രേഡും ലഭിച്ച ആകെ കുട്ടികള്‍ 80%. ഇതു് 2 മുതല്‍ 7 വരെ ക്ലാസുകളിലെത്തുമ്പോഴേക്കും ക്രമത്തില്‍ കുറഞ്ഞു് കുറഞ്ഞു് 40%-നു് താഴെ വരെ എത്തുന്നു. എന്തുകൊണ്ടു്?. ഇതാണു് ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ക്കിടയില്‍ ഒരു പരാമര്‍ശമുണ്ടായി. അദ്ധ്യാപകര്‍ തന്നെയാണു് അതിനുത്തരവാദികള്‍.......

വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെ എല്ലാ ഉത്തരവാദിത്തവും, അദ്ധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കുന്നതിനു്, പുതുമയൊന്നുമില്ല. പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച കാലത്തു തന്നെ അദ്ധ്യാപകര്‍ ഇതു കേട്ടുതുടങ്ങിയിരിക്കുന്നു.

യാഥാര്‍ത്ഥ്യമെന്താണു്......?

കുട്ടികളുടെ പഠനനിലവാരം കുറയുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അദ്ധ്യാപകര്‍ മാത്രമാണോ?

ഒന്നും രണ്ടും ക്ലാസുകളില്‍ അക്ഷരങ്ങളും വാക്കുകളും ഉറപ്പിക്കുന്നതിനു്, ഉപകരിക്കുന്ന ലളിതമായ പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടതിനു പകരം, ഒരക്ഷരം പോലുമറിയാത്ത കുട്ടികളെക്കൊണ്ടു് നെടുങ്കന്‍ വാക്യങ്ങള്‍ വായിപ്പിക്കുകയും ​എ​ഴുതിക്കുകയും ചെയ്യുന്നതിലുള്ള അര്‍ത്ഥ ശൂന്യത എന്തുകൊണ്ടു് പുസ്തകമൊരുക്കുന്ന വിദ്യാഭ്യാസ വിചക്ഷണര്‍ തിരിച്ചറിഞ്ഞില്ല?...അവര്‍ അഹോരാത്രം ഗവേഷണം നടത്തി കണ്ടെത്തിയ ശാസ്ത്രീയമായരീതിയാണിതെന്നു് പാവം അദ്ധ്യാപകര്‍ തെറ്റിദ്ധരിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്താമോ? പുതിയരീതി നടപ്പില്‍ വരുത്തിയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ക്ളസ്റ്റര്‍ യോഗങ്ങളില്‍ പങ്കുവെച്ചപ്പോള്‍, അത് അദ്ധ്യാപകരുടെ ആസൂത്രണക്കുറവാണെന്നു കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങളോ കുറച്ചു മാസങ്ങളോകൊണ്ടു് സ്വയംപര്യാപ്തതയിലെത്തുന്ന ജീവികളില്‍നിന്നും തികച്ചും വ്യത്യസ്തനാണു് മനുഷ്യന്‍. ഒരു മനുഷ്യക്കുഞ്ഞു് ഓരോ അറിവും ഉള്‍ക്കൊണ്ടു് പ്രയോഗത്തില്‍ വരുത്തുന്നതിനു് കൂടുതല്‍ സമയം എടുക്കുന്നുണ്ടു്. ഔപചാരികവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, അക്ഷരബോധവും സംഖ്യാബോധവും ഉള്‍ക്കൊള്ളുന്നതിനു് കൂടുതല്‍ സമയവും ഫലപ്രദമായ പഠനപ്രവര്‍ത്തനങ്ങളും ലഭിക്കണം.
ഒന്നുംരണ്ടും ക്ളാസുകളില്‍ പാഠപുസ്തകമൊരുക്കുമ്പോള്‍ അക്ഷരം ,ചിഹ്നം, സംഖ്യാബോധം,സങ്കലനവ്യവകലനക്രിയകള്‍ ഇവ ഉറയ്ക്കുന്നതിനുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുക. ലളിതമായ കവിതകളും ഗുണപാഠകഥകളും ഉള്‍പ്പെടുത്തുക. ചിത്രം വരയ്ക്കുന്നതിനും നിറംകൊടുക്കുന്നതിനുമുള്ള അവസരം നല്കുക.

ഒന്നാംതരത്തില്‍ ബി ഗ്രേഡെങ്കിലും കിട്ടിയവര്‍ക്കുമാത്രം രണ്ടാം തരത്തിലേക്ക് ക്ളാസുകയറ്റം നല്കുക. ഒന്നാംതരത്തിലെ all promotion
നിര്‍ത്തലാക്കുക. എങ്കില്‍ മൂന്നുമുതലുള്ള ക്ളാസുകളില്‍ ഇപ്പോഴുള്ള പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടത്താന്‍ കഴിയും. പഴയകാലത്തേക്കാള്‍ സര്‍ഗാത്മകതയുള്ള,ചുറുചുറുക്കള്ള പുതുതലമുറയെ കാണാന്‍ നമുക്ക് അവസരം ലഭിക്കും,തീര്‍ച്ച.