Sunday, February 1, 2009

ക​ണ്ണടച്ചു് ഇരുട്ടാക്കരുതു്...!!

അദ്ധ്യാപകര്‍ക്കായി മാസം തോറും നടത്തുന്ന ക്ലസ്റ്റര്‍ യോഗം

കഴിഞ്ഞ ക്ലസ്റ്റര്‍ യോഗത്തില്‍, കുട്ടികള്‍ക്കു് ലഭിക്കുന്ന ഗ്രേഡിനെക്കുറിച്ചു് ചര്‍ച്ച നടന്നു. ഒന്നാം തരത്തില്‍ ഏ ഗ്രേഡും ബി ഗ്രേഡും ലഭിച്ച ആകെ കുട്ടികള്‍ 80%. ഇതു് 2 മുതല്‍ 7 വരെ ക്ലാസുകളിലെത്തുമ്പോഴേക്കും ക്രമത്തില്‍ കുറഞ്ഞു് കുറഞ്ഞു് 40%-നു് താഴെ വരെ എത്തുന്നു. എന്തുകൊണ്ടു്?. ഇതാണു് ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ക്കിടയില്‍ ഒരു പരാമര്‍ശമുണ്ടായി. അദ്ധ്യാപകര്‍ തന്നെയാണു് അതിനുത്തരവാദികള്‍.......

വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെ എല്ലാ ഉത്തരവാദിത്തവും, അദ്ധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കുന്നതിനു്, പുതുമയൊന്നുമില്ല. പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച കാലത്തു തന്നെ അദ്ധ്യാപകര്‍ ഇതു കേട്ടുതുടങ്ങിയിരിക്കുന്നു.

യാഥാര്‍ത്ഥ്യമെന്താണു്......?

കുട്ടികളുടെ പഠനനിലവാരം കുറയുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അദ്ധ്യാപകര്‍ മാത്രമാണോ?

ഒന്നും രണ്ടും ക്ലാസുകളില്‍ അക്ഷരങ്ങളും വാക്കുകളും ഉറപ്പിക്കുന്നതിനു്, ഉപകരിക്കുന്ന ലളിതമായ പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടതിനു പകരം, ഒരക്ഷരം പോലുമറിയാത്ത കുട്ടികളെക്കൊണ്ടു് നെടുങ്കന്‍ വാക്യങ്ങള്‍ വായിപ്പിക്കുകയും ​എ​ഴുതിക്കുകയും ചെയ്യുന്നതിലുള്ള അര്‍ത്ഥ ശൂന്യത എന്തുകൊണ്ടു് പുസ്തകമൊരുക്കുന്ന വിദ്യാഭ്യാസ വിചക്ഷണര്‍ തിരിച്ചറിഞ്ഞില്ല?...അവര്‍ അഹോരാത്രം ഗവേഷണം നടത്തി കണ്ടെത്തിയ ശാസ്ത്രീയമായരീതിയാണിതെന്നു് പാവം അദ്ധ്യാപകര്‍ തെറ്റിദ്ധരിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്താമോ? പുതിയരീതി നടപ്പില്‍ വരുത്തിയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ക്ളസ്റ്റര്‍ യോഗങ്ങളില്‍ പങ്കുവെച്ചപ്പോള്‍, അത് അദ്ധ്യാപകരുടെ ആസൂത്രണക്കുറവാണെന്നു കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങളോ കുറച്ചു മാസങ്ങളോകൊണ്ടു് സ്വയംപര്യാപ്തതയിലെത്തുന്ന ജീവികളില്‍നിന്നും തികച്ചും വ്യത്യസ്തനാണു് മനുഷ്യന്‍. ഒരു മനുഷ്യക്കുഞ്ഞു് ഓരോ അറിവും ഉള്‍ക്കൊണ്ടു് പ്രയോഗത്തില്‍ വരുത്തുന്നതിനു് കൂടുതല്‍ സമയം എടുക്കുന്നുണ്ടു്. ഔപചാരികവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, അക്ഷരബോധവും സംഖ്യാബോധവും ഉള്‍ക്കൊള്ളുന്നതിനു് കൂടുതല്‍ സമയവും ഫലപ്രദമായ പഠനപ്രവര്‍ത്തനങ്ങളും ലഭിക്കണം.
ഒന്നുംരണ്ടും ക്ളാസുകളില്‍ പാഠപുസ്തകമൊരുക്കുമ്പോള്‍ അക്ഷരം ,ചിഹ്നം, സംഖ്യാബോധം,സങ്കലനവ്യവകലനക്രിയകള്‍ ഇവ ഉറയ്ക്കുന്നതിനുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുക. ലളിതമായ കവിതകളും ഗുണപാഠകഥകളും ഉള്‍പ്പെടുത്തുക. ചിത്രം വരയ്ക്കുന്നതിനും നിറംകൊടുക്കുന്നതിനുമുള്ള അവസരം നല്കുക.

ഒന്നാംതരത്തില്‍ ബി ഗ്രേഡെങ്കിലും കിട്ടിയവര്‍ക്കുമാത്രം രണ്ടാം തരത്തിലേക്ക് ക്ളാസുകയറ്റം നല്കുക. ഒന്നാംതരത്തിലെ all promotion
നിര്‍ത്തലാക്കുക. എങ്കില്‍ മൂന്നുമുതലുള്ള ക്ളാസുകളില്‍ ഇപ്പോഴുള്ള പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടത്താന്‍ കഴിയും. പഴയകാലത്തേക്കാള്‍ സര്‍ഗാത്മകതയുള്ള,ചുറുചുറുക്കള്ള പുതുതലമുറയെ കാണാന്‍ നമുക്ക് അവസരം ലഭിക്കും,തീര്‍ച്ച.



13 comments:

Calvin H said...

ഒരു ചെറിയ സംശയം... ഒന്നാം ക്ലാസില്‍ എന്തിന് പാഠപുസ്തകത്തെ അമിതമായി ആശ്രയിക്കേണം?

"സംഖ്യാബോധം,സങ്കലനവ്യവകലനക്രിയകള്‍ ഇവ ഉറയ്ക്കുന്നതിനുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുക. ലളിതമായ കവിതകളും ഗുണപാഠകഥകളും ഉള്‍പ്പെടുത്തുക. ചിത്രം വരയ്ക്കുന്നതിനും നിറംകൊടുക്കുന്നതിനുമുള്ള അവസരം നല്കുക."

ഇതില്‍ അദ്ധ്യാപകര്‍ തന്നെ ഊന്നല്‍ നല്‍കുക അല്ലേ വേണ്ടത്?

പത്താം ക്ലാസെത്തും വരെ പബ്ലിക് പരീക്ഷകള്‍ ഇല്ല എന്നത് മുന്‍‌നിര്‍ത്തുമ്പോള്‍, ഒരു പാഠപുസ്തകത്തെ റിലീജിയസ് ആയൊ ഫോളോ ചെയ്യേണം എന്നുണ്ട് എന്ന് തോന്നുന്നില്ല.

രണ്ടാമത് താങ്കളുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. നിലവാരം കുറയുന്നത് അദ്ധ്യാപകരുടെ കുറ്റം അല്ല. നമ്മുടെ പാഠ്യപദ്ധതിയുടെ കുഴപ്പം ആണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിപുടി പൊളിച്ചെഴുതേണ്ടത് ഉണ്ട എന്ന വസ്തുത രക്ഷിതാക്കളോ അദ്ധ്യാപകരോ അംഗീകരിക്കുന്നില്ല എന്നതാണ് കുഴപ്പം. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങള്‍, as far as I know, മുന്നോട്ട് വയ്കുന്ന ആശയം വെറുതെ ഒരു പുസ്തകത്തിലെ പാഠങ്ങള്‍ പഠിക്കുക്ക എന്നതിനപ്പുറം പഠനം എന്ന പ്രൊസസ്സിനെ കുറച്ചുകൂടെ ബ്രോഡര്‍ സെന്‍സില്‍ മാറ്റാന്‍ വേണ്ടി ഉള്ളതാണ്. അതിലെ ആക്റ്റിവിറ്റീസ് എന്നു പറയുന്നത് അതേ പോലെ ചെയ്യേണം എന്നുണ്‍റ്റ് എന്നു തോന്നുന്നില്ല.

പാഠപുസ്തകങ്ങള്‍ മനപ്പാഠമാക്കി, ടീച്ചര്‍ ഡിക്റ്റേറ്റ് ചെയ്യുന്ന നോറ്റ്സ് കാണാതെ പഠിച്ച് പരീക്ഷ എഴുതി പാസ് ആവുന്ന ശീലം മാറ്റുക എന്നതാണ് പുതിയ പാത്യപദ്ധതിയുടെ ലക്ഷ്യം. പക്ഷേ ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, പുതിയ പാഠപുഷ്റ്റകങ്ങളേയും ഒരു റിലീജിയസ് മോഡില്‍ തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും നോക്കിക്കാണുകയാണ്. പുതിയ പാഠ്യപദ്ധതിയെ അദ്ധ്യാപകര്‍കും വിദ്യാര്‍ത്ഥികള്‍ക്കും മുകളില്‍ ഉള്ള അധികഭാരം എന്ന രീതിയില്‍ നോക്കിക്കാണാതെ, ഒരു ഫ്ലെക്സിബിളിറ്റി എന്ന രീതിയില്‍ നോക്കിക്കാണാവുന്നതല്ലേ ഉള്ളൂ?
ഈ വിഷയത്തില്‍ ഒരു വിശദമായ ചര്‍‌ച്ചക്ക് സ്കോപ് ഉണ്ട്....
താല്പര്യം ഉള്ള കുറെ പേര്‍ ഉണ്ടെങ്കില്‍ ഞാനും റെഡി

Calvin H said...

ഓടോ
ഹൊ എന്റെ കമന്റില്‍ എന്തു മാത്രം അക്ഷരപിശാച്.. എല്ലാം പഴയ പാഠ്യപദ്ധതിയുടെ കുഴപ്പമാണെന്നേ ;)

നിര്‍മ്മല said...

ബ്ലോഗ് വായിച്ചു് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയതിനു് വളരെ നന്ദി.

ശ്രീഹരീ, പ്രൈമറി തലത്തില്‍ പാഠപുസ്തകം കാണാതെ പഠിച്ചു് പരീക്ഷയെഴുതുന്ന സമ്പ്രദായം മാറിയിട്ടു് പന്ത്രണ്ടു് വര്‍ഷമായി. പത്താം തരത്തിലും കാണാതെ പഠിച്ചെഴുതുന്ന രീതിയല്ല നിലവിലുള്ളതു്.

പ്രൈമറി തലത്തില്‍ അദ്ധ്യാപകര്‍ക്കു് പാഠപുസ്തകം കൂടാതെ അദ്ധ്യാപക സഹായി എന്നൊരു കൈപുസ്തകം കൂടി നല്കിയിട്ടുണ്ടു് അതിലുള്ള പഠനരീതി, പിന്‍തുടരാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണു്. അദ്ധ്യനവര്‍ഷാരംഭത്തില്‍(മെയ് മാസത്തില്‍) ഞങ്ങള്‍ക്കു് ലഭിക്കുന്ന പരിശീലന ക്ലാസുകളിലും മാസം തോറും നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളിലും പുതിയ പഠനരീതി അനുസരിച്ചു് ക്ലാസെടുക്കുന്നതിനു് പരിശീലന ക്ലാസ്സുകള്‍ നടത്തുന്നുണ്ടു്. പുതിയരീതി അനുസരിച്ചു് ഒന്നാം തരത്തില്‍ അദ്ധ്യാപിക കഥ പറയുകയും(കൈപുസ്തകത്തിലുണ്ടു്) അതിനിടയില്‍ വരുന്ന സംഭാഷണമോ കഥാ ബാക്കിയോ കുട്ടികളേ കൊണ്ടു് പറയിക്കുകയും ചെയ്യുന്നു. കുട്ടികള്‍ പറഞ്ഞ സംഭാഷണം അല്ലെങ്കില്‍, കഥാ ബാക്കി തുടങ്ങിയവ പ്രാദേശിക സംസാരഭാഷയില്‍ തന്നെ അദ്ധ്യാപിക ബോര്‍ഡിലെഴുതുന്നു. ടീച്ചര്‍ വായിച്ചുകൊടുക്കുന്നു കുട്ടികള്‍ കേട്ടു വായിക്കുന്നു. അതിനുശേഷം കുട്ടികളതു് പകര്‍ത്തിയെഴുതുന്നു.

അദ്ധ്യാപകര്‍ സംശയം ഉന്നയിച്ചു.

"ഒരക്ഷരം പോലുമറിയാത്ത ഒന്നാംതരത്തിലെ കുട്ടി ചിത്രം വരയ്ക്കുംപോലെ നോക്കി എഴുതാന്‍ എത്ര സമയം എടുക്കും? എന്താണു് ഇതുകൊണ്ടുള്ള പ്രയോജനം?
(ഇംഗ്ലീഷും ഗണിതവും കൂടി പഠിക്കുന്നതിനും സമയം വേണമല്ലോ.)"

മുന്‍വിധികളില്ലാതെ നിങ്ങള്‍ ഈ രീതി പിന്തുടരൂ
എന്നാണു് അദ്ധ്യാപകര്‍ക്കു് കിട്ടിയ നിര്‍ദ്ദേശം. വിദ്യാഭ്യാസവിചക്ഷണര്‍ കണ്ടെത്തിയ രീതി തെറ്റുന്നതെങ്ങനെ?

ഒക്ടോബര്‍ മാസമായി..... മൂല്യ നിര്‍ണ്ണയ പ്രവര്‍ത്തനം നടന്നു. കുട്ടികള്‍ക്കെഴുതാന്‍ കഴിയുന്നില്ല എന്നു് ബന്ധപ്പെട്ടവര്‍ക്കു ബോദ്ധ്യമായി. "കുട്ടികള്‍ എഴുതുന്നില്ലേ? എങ്കില്‍ പറഞ്ഞാലും മതി, എ ഗ്രേഡോ ബി ഗ്രേഡോ നല്കാം"

ഈ കുട്ടികള്‍ എങ്ങിനെ അടുത്ത ക്ലാസുകളില്‍ കുറിപ്പു്, വിവരണം, ഡയറി തുടങ്ങിയവയൊക്കെ സ്വയം എഴുതും??

Calvin H said...

വായനക്കാരി പറഞ്ഞ കാര്യങ്ങളില്‍ വളരെയധികം ശരിയാണ്. കുറെ ഒക്കെ നേരിട്ട് അറിയാം. ഇവിടെ സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കുമ്പോള്‍ തോന്നുന്നത്, "പുതിയ പാഠ്യപദ്ധതി" എന്ന ആശയത്തെ "ഇമ്പ്ലിമെന്റ്" ചെയ്യുന്നതിന്റെ കുഴപ്പമാണ്. അദ്ധ്യാപകരുടെ ലെവലില്‍ നിന്നല്ല ഞാന്‍ ഇതു പറയുന്നത്. അതിനും മുകളില്‍ തന്നെ പ്ലാന്‍ ചെയ്യുകയും , അദ്ധ്യാപകരെ ട്രെയിന്‍ ചെയ്യുകയും ഒക്കെ ഉള്‍ക്കൊള്ളുന്ന ലെവലില്‍. ഇവിടെ ഏറ്റവും പ്രധാനമായ ഒരു പോരായ്മ രക്ഷിതാക്കള്‍ അദ്ധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ എല്ലാം പഴയ പാഠ്യപദ്ധതിപ്രകാരം ശിക്ഷണം ലഭിച്ചിട്ടുള്ളവരാണ് എന്നതാണ്.

ഒരു വിപ്ലവം എന്നല്ലാതെ, പുതിയാ പാഠ്യരീതി എന്താണ് എന്നുള്ള ബോധം ആര്‍ക്കും ഇല്ല.അദ്ധ്യാപകസഹായി എന്നൊരു കൈപുസ്തകവും തന്ന് അതിലുള്ളത് അതേ പോലെ ഫോളൊ ചെയ്യാന്‍ അദ്ധ്യാപകരോട് മുകളിലൂള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ "പുതിയ വിദ്യാഭ്യാസരീതിയെന്ന " ഐഡിയയില്‍ നിന്നും അവരും പൂര്‍‌ണമായി വ്യതിചലിച്ചുപോവുകയാണ്.

സമയക്കുറവു കാരണം ഇപ്പോള്‍ ഇത്രയും പറഞ്ഞ് നിര്‍ത്തുകയാണ്. വീണ്ടും വരാം തീര്‍ച്ചയായും

നിര്‍മ്മല said...

ശ്രീഹരീ,
അദ്ധ്യാപകസഹായി എന്ന കൈപുസ്തകമില്ലെങ്കില്‍ കേരളത്തിലങ്ങോളമിങ്ങോളം സ്കൂളുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഏകീകരണം ഉണ്ടാകില്ല.പുസ്തകത്തില്‍ രക്ഷിതാക്കള്‍ക്കും കൂടി മനസ്സിലാവുന്ന തരത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്കണം. ഒന്നും രണ്ടും ക്ളാസുകളുടെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്......

ഐ.പി.മുരളി|i.p.murali said...

ഇങ്ങിനെയൊരു പോസ്റ്റിട്ടതിന് വായനക്കാരിക്ക് അഭിനന്ദനങ്ങള്‍!
വളരെ ഗൌരവമുള്ളതും സമൂഹം മൊത്തമായും ചര്‍ച്ച ചെയ്യേണ്ടവിഷയം.
പുതിയ പാഠ്യപദ്ധതിയില്‍ അക്ഷരം പഠിപ്പിക്കലും, കണക്കിന്റെ ക്രിയകളുടെ കാര്യത്തിലും അപാകതകളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്, ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വളരെ അപകടകരമായ ഒരവസ്ഥയാവും ഫലം. ഇപ്പോള്‍തന്നെ അതിന്റെ ദുരന്ത ഫലങ്ങള്‍ കണ്ടുതുടങ്ങിയെന്നാണ് തോന്നുന്നത്.
വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള അതേ പങ്ക് തന്നെ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉണ്ടെന്ന് മനഃസ്സിലാക്കുമ്പോഴെ അതിന്റെ നിലവാരവും മെച്ചപ്പെടൂ എന്നാണെന്റെ പക്ഷം.

nellum pathirum said...

ഓരോ മൂല്യനിര്‍ണയപ്രവര്‍ത്തനവും പഠനപ്രവര്‍ത്തനംകൂടിയാകണം എന്നല്ലേ.
അങ്ങനെയെങ്കില്‍ കുട്ടി അക്ഷരം പഠിക്കുന്നതിന് ഏതു രസകരമായ പ്രവര്‍ത്തനവും അധ്യാപകന് നല്‍കാമല്ലോ.പുസ്തകത്തിലെ പ്രവര്‍ത്തനത്തേക്കാള്‍ മെച്ചമായത് ക്ലസ്റ്റര്‍ യോഗത്തിലും ചര്‍ച്ചചെയ്യപ്പെടണം.

അനുകരണം അല്ല അധ്യാപനം.
അവസരത്തിനനുസരിച്ച് ഉചിതമായ പഠനപ്രക്രിയയിലൂടെ സമൂഹത്തെ വാര്‍ത്തെടുക്കലാണ്
മാതൃകാധ്യാപകര്‍ ഏറെയുണ്ട്.
അവരെ കണ്ടെത്തുവാന്‍ കഴിയണം.
അവരുടെ ക്ലാസ്സുകള്‍ വീഡിയോയില്‍ പകര്‍ത്തി വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യട്ടെ.
മുന്നറിയിപ്പില്ലാതെ സ്കൂളുകളില്‍ കടന്നുചെന്ന് അധ്യാപകരുടെ ക്ലാസ്സ് വീഡിയോയില്‍ പകര്‍ത്തട്ടെ.
അപ്പോള്‍ കാണാം കളി.
പൊതുജനങ്ങള്‍ ആധുനിക പഠനപ്രവര്‍ത്തനങ്ങള്‍ കണ്ട് അത്ഭുതപ്പെടും.
ശിശുകേന്ദ്രീകൃതമായ ക്ലാസ്സ് മുറികള്‍
പഠനത്തിന് അവസരമൊരുക്കി കൈത്താങ്ങുമായി അധ്യാപകര്‍

Calvin H said...

ഒന്നാം ക്ലാസും രണ്ടാം ക്ലാസും കഴിഞ്ഞിറങ്ങുന്ന കുട്ടി എന്തൊക്കെ മനസിലാക്കിയിരിക്കേണം എന്നത് വളരെ ഡഫനിറ്റ് അല്ലേ?

അതിന് ഒരു കൈപുസ്തകത്തിന്റേയും ആവശ്യമില്ല എന്നു തന്നെയാണെന്റെ അഭിപ്രായം.
ഒന്നാം ക്ലാസിലെ പിള്ളേരെ ഹാന്‍‌ഡില്‍ ചെയ്യുക എന്നത് ഒരു കല തന്നെയാണ്. ചിലര്‍ക്കത് ജന്മസിദ്ധമാണ്. (എന്റെ ഒന്നാം ക്ലാസ് അദ്ധ്യാപകനായിരുന്ന ആ മാതൃകാദ്ധ്യാപകനെ ഓര്‍ക്കുന്നു). അങ്ങിനെയല്ലാത്തവര്‍‍ക്കു്‌ ഒരു പക്ഷേ കുറച്ചു കാലത്തേക്ക് കൈപുസ്തകത്തെ ആശ്രയിച്ചും മറ്റും പഠനം നടത്തേണ്ടതായി വരാം.

ഒന്നിലെയും രണ്ടിലേയും പഠനം വളരെ വളരെ ഇമ്പോര്‍ട്ടന്റ് ആണ്. ജീവിതാവസാനം വരെ അതിലെ മേന്മയും പിന്തുര്‍‌ന്നുകൊണ്ടേയിരിക്കും. ഇവിടെ ക്ലസ്റ്റര്‍ യോഗങ്ങളില്‍ സംഭവിക്കുന്നതെന്താണെന്നെനിക്കറിയില്ല. പക്ഷേ പാഠപുസ്തകങ്ങളില്‍ അപാകതയുണ്ടെങ്കില്‍ അതു കാര്യകാരണസഹിതം അദ്ധ്യാപകര്‍ തന്നെ എ‌ജുക്കേഷനല്‍ ഓഫീസറെ( ഓര്‍ ഹും എവെര്‍) ധരിപ്പിക്കേണ്ടതാണ്. പുതിയാ പാഠ്യപദ്ധതിയുടെ ആശയത്തില്‍ ഒരു ഘടകം അതു ആണല്ലോ ( ചോദ്യങ്ങള്‍ ചോദിക്കുക, ശരിയല്ല എന്നതിനെ ചോദ്യം ചെയ്യുക. ഗ്രൂപ്പ് ആക്ടിവിറ്റികളില്‍ പുതിയ സജഷന്‍സ് കൊണ്ടു വരിക. ഇന്നോവേറ്റീവ് ഐഡിയാസ് മുന്നോട്ട് വയ്ക്കുക)

ഇന്‍ സിമ്പിള്‍ വേര്‍ഡ്സ്, പുതിയ പാഠ്യപദ്ധതിയിലെ ആശയങ്ങള്‍ അദ്ധ്യാപകരും, വിദ്യാഭ്യാസവിചക്ഷണരും അവരവരുടെ ജോലികളില്‍ കൂടെ നടപ്പില്‍ വരുത്തേണം.

ഒരു പുതിയ പാഠ്യപദ്ധതി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. കുറേശ്ശെ കുറേശ്ശെയുള്ള ട്രാന്‍സിഷന്‍ മാത്രമേ നടപ്പിലാവൂ. ആ ട്റാന്‍സിഷന്‍ സ്റ്റേജില്‍ എല്ലാവരും ( വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പ്ലാനിംഗ് ബോര്‍ഡിലുള്ളവര്‍) കുറച്ചു്‌ കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നേക്കാം എന്നത് നേര് ( റ്റു കീപ് ദ സ്റ്റാന്‍ഡാര്‍ഡ് ഗോയിംഗ് ഓണ്‍). എന്നു വെച്ച് ട്രാന്‍സിഷന്‍ നീട്ടിക്കൊണ്ട്പോവാന്‍ കഴിയില്ലല്ലോ. എത്രയും നേരത്തെ സംഭവിക്കുന്നോ അത്രയും നല്ലത്.

പിന്നെ ഇതൊന്നും മാത്രമല്ല. കാര്യവിവരമുള്ള രക്ഷാകര്‍‌ത്താക്കള്‍ ഉണ്ടാകുക എന്നത് വലിയൊരു ഘടകമാണ്. പലപ്പോഴും "ഓന്‍/ഓള്‍ സ്കൂളില്‍ നിന്നൊന്നും പഠിക്കുന്നില്ല്ല " എന്നൊരു ന്യായവാദം രക്ഷിതാക്കളില്‍ നിന്നും കണ്ടുവരാറുണ്ട്. അതു മാറിയേ തീരൂ. കുട്ടികളുടെ പഠനത്തില്‍ ( അറ്റ് ലീസ്റ്റ് ഹൈ സ്കൂള്‍ തലം വരെയെങ്കിലും) രക്ഷിതാക്കള്‍ കുറേ പങ്ക് വഹിച്ചേ കഴിയൂ

Anonymous said...

When HM of a LP school goes for official purposes, Clubbing of two classes happens and just think 'How can we develop the skills of pupils in that non equilibrium condition...? Keep in mind that this non equilibrium can't be make to equilibrium condition, because the another day when HM is there the class seperates....

നിര്‍മ്മല said...

ഐ പി മുരളി, നെല്ലും പതിരും, ശ്രീഹരി, സുധീര്‍ കെ,


അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചതിനു്, വളരെ നന്ദി.

"ഓരോ മൂല്യനിര്‍ണയപ്രവര്‍ത്തനവും പഠനപ്രവര്‍ത്തനംകൂടിയാകണം എന്നല്ലേ. അങ്ങനെയെങ്കില്‍ കുട്ടി അക്ഷരം പഠിക്കുന്നതിന് ഏതു രസകരമായ പ്രവര്‍ത്തനവും അധ്യാപകന് നല്‍കാമല്ലോ."

ഒന്നാംതരത്തിലെ പുതിയ പഠനപ്രവര്‍ത്തനങ്ങള്‍(അതായതു്, വാക്യങ്ങള്‍ പറയുക, ബോര്‍ഡിലെഴുതുക, കുട്ടി കേട്ടുവായിക്കുക, ചിത്രം വരയ്ക്കുമ്പോലെ അതു് പകര്‍ത്തിയെഴുതുക എന്നീ പാഴ്വേലകള്‍)-ക്കു ശേഷം, വേറെ പ്രവര്‍ത്തനങ്ങള്‍, നല്കാമല്ലോ എന്നാണല്ലൊ ഇവിടെ ഉദ്ദേശിച്ചതു്. ധാരാളം പ്രവര്‍ത്തനങ്ങള്‍ നല്കാന്‍ അദ്ധ്യാപകര്‍ക്കു് പ്രാപ്തിയുണ്ടു്. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു് ശേഷം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്കാന്‍ സമയം കിട്ടില്ല. പിന്നെ മറ്റൊരു കാര്യം. കുട്ടി അക്ഷരം പഠിക്കാന്‍ അദ്ധ്യാപകന്‍ വേറേ പ്രവര്‍ത്തനം കണ്ടെത്തിക്കോളൂ എന്നുപറയാനാണെങ്കില്‍, വിദ്യാഭ്യാസ വിചക്ഷണര്‍ പുതിയ പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും തയ്യാറാക്കേണ്ട കാര്യമില്ലല്ലൊ.

പുതിയ പഠനപ്രവര്‍ത്തന ക്രമം അദ്ധ്യാപകരിലെത്തിക്കുക എന്നതാണു്, അദ്ധ്യാപക സഹായി എന്ന കൈപുസ്തകത്തിന്റെ ധര്‍മ്മം. തറ, പറ, പന.... എന്ന രീതിയില്‍ നിന്നും, ഞാന്‍ മുകളില്‍ സൂചിപ്പിച്ച പഠനക്രമത്തിലേക്കു് മാറുമ്പോള്‍, കൈപുസ്തകം ആവശ്യമാണല്ലൊ. പക്ഷെ കൈപുസ്തകം തരുന്നതുകൊണ്ടോ തരാതിരിക്കുന്നതുകൊണ്ടോ, പരിശീലനക്ലാസുകള്‍ നടത്തുന്നതുകൊണ്ടോ, അദ്ധ്യാപകരെ കുറ്റം പറയുന്നതുകൊണ്ടോ തീരുന്നതല്ല ഇപ്പോഴത്തെ ഒന്നാം ക്ലാസിലെ പഠന പ്രവര്‍ത്തന വൈകല്യങ്ങള്‍. ഒന്നാം തരത്തില്‍ സമഗ്രമായ മാറ്റം വരണം. കുട്ടിയോടു് നേരിട്ടു് സംവദിക്കുന്ന പാഠപുസ്തകം ഒരുക്കണം. ലളിതമായ വര്‍ക്കു് ഷീറ്റുകള്‍(പദ നിര്‍മ്മാണം, ആകെ എത്ര? തുടങ്ങിയ രീതിയിലുള്ളവ) നല്കണം.

"മുന്നറിയിപ്പില്ലാതെ സ്കൂളുകളില്‍ കടന്നുചെന്ന് അധ്യാപകരുടെ ക്ലാസ്സ് വീഡിയോയില്‍ പകര്‍ത്തട്ടെ. അപ്പോള്‍ കാണാം കളി."

താങ്കള്‍ പറയുന്നതിനോടു് ഞാനും യോജിക്കുന്നു. മറ്റെല്ലാ മേഖലകളിലും എന്ന പോലെ അദ്ധ്യാപകരിലും കള്ള നാണയങ്ങളുണ്ടു്. ക്ലാസില്‍ പോകാതെ മുങ്ങി നടക്കുന്നവരും, പോയാലും ജോലി ചെയ്യാത്തവരും.
എല്ലാവരും ഒന്നു് ഉഷാറാകും മുന്നറിയിപ്പില്ലാതെ വീഡിയോ എടുക്കുകയാണെങ്കില്‍. മന്ത്രിമാരുടെ ഓഫീസുകളും സെക്രട്ടറിയേറ്റും മുതല്‍ പഞ്ചായത്തോഫീസ് വരെയുള്ള സര്‍കാര്‍ ഓഫീസുകളിലും സമൂഹത്തിന്റെ സമസ്തമേഖലകളിലും ഇതേ മാര്‍ഗ്ഗം ഉപയോഗിക്കുന്നതിനേക്കുറിച്ചു് ചിന്തിക്കാവുന്നതാണു്, പ്രായോഗികമല്ലെങ്കിലും!. (ബഹു: മുന്‍മുഖ്യമന്ത്രി ഇ.കെ നായനാര്‍, സെക്രട്ടറിയേറ്റില്‍ പഞ്ചിങ്ങ് എന്ന ചെറിയ ഒരു സംവിധാനം ഏര്‍പ്പെടുത്തി...എന്നിട്ടോ?).

നമുക്കു വിഷയത്തിലേക്കു് വരാം!! കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ പൊതുസമൂഹത്തിനു് ഗുണകരമാകുന്നമാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയു. പഠനരംഗത്തു് ശ്രദ്ധേയമായ രീതിയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സാധ്യമായിട്ടുണ്ടു്. ഇതേ സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ, ക്ലസ്റ്റര്‍ വിഭാവനം ചെയ്യുന്ന കൂട്ടായ്മ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. വളരെ എളുപ്പം പ്രായോഗികമാക്കാന്‍ കഴിയുന്നവയാണു് ഓണ്‍ലൈനായുള്ള തുറന്ന ചര്‍ച്ചകള്‍. ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി ഇത്തരം ചര്‍ച്ചകള്‍ കൂടി ഉള്‍പ്പെടുത്തുകയും, ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ വിദ്യാഭ്യാസ പരിഷ്കരണത്തിനായി പരിഗണിക്കുകയും ചെയ്യുക. ഇത്തരം മുന്നേറ്റങ്ങള്‍ പാഠ്യപദ്ധതിയിലേ അപാകതകള്‍ കുറയ്ക്കുന്നതിനു് വളരെയധികം സഹായിക്കും.

Siddique said...

ഇപ്പോള്‍ വിദ്യാലയങ്ങളില്‍ സംഭവിക്കുന്നത്.....
http://brcedapal.blogspot.കോം
http://kuttikal.blogspot.com

jyothishson said...

sir pradhana prsnam teachers thanne teaching ennu parayunnathu oru srganamaka prkriya annu. psc test poojjam mark vangikkaunnavar teacher akunna evide engasne vidyappyasam ner akm.

jyothishson said...

sir pradhana prsnam teachers thanne teaching ennu parayunnathu oru srganamaka prkriya annu. psc test poojjam mark vangikkaunnavar teacher akunna evide engasne vidyappyasam ner akm.