Wednesday, November 19, 2008

പ്രൈമറി വിദ്യാഭ്യാസം, ഒരു അവലോകനം.

കേരളസംസ്ഥാനത്തെ സ്കൂളുകളില്‍ വര്‍ഷംതോറും മാറിക്കൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളും പഠനരീതികളും.....നിഷ്പക്ഷമായ ഒരു പഠനത്തിനു് ശ്രമിക്കുകയാണിവിടെ.

പ്രൈമറിതലത്തില്‍ പത്തിലേറെ വര്‍ഷങ്ങളായി പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എന്നതു് ഒരു ചെറിയ കാര്യമല്ല. പക്ഷേ ഇത്രയേറെ വര്‍ഷങ്ങള്‍ പഠനം നടത്തിയിട്ടും ഒന്നാം തരത്തില്‍ ചേരുന്ന കൊച്ചു കുട്ടികള്‍ക്കു് അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കാന്‍ രസകരമായ, ലളിതമായ ഒരു പഠനരീതി ആവിഷ്കരിച്ചിട്ടില്ല എന്നതു് ഒരു ദുഃഖസത്യമാണു്. വിമര്‍ശകര്‍ കാതലായ ഈ പ്രശ്നം കാണുന്നില്ല. പകരം ഭുകമ്പം ഏതു മതസ്തരെയാണു് ബാധിക്കുക എന്ന വളരെ ബുദ്ധിപരമായ, കുട്ടിയുടെ നിഷ്കളങ്കമായ ചിന്തയെ ഉണര്‍ത്തുന്ന, വിശ്വമാനവികതയിലേക്കു് വിരല്‍ ചൂണ്ടുന്ന ഒരു ചോദ്യത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ മത്സരിക്കുന്നു....അവരോടു്, ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!!....


ഒന്നു മുതല്‍ നാലു വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടി എന്തെല്ലാം അറിവു് സ്വായത്തമാക്കണം ?

  • അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയണം, ബാലസാഹിത്യ കൃതികള്‍ വായിക്കാന്‍ കഴിവും താത്പര്യവും ഉണ്ടാവണം.
  • സ്വന്തം ആശയങ്ങള്‍ എഴുതിപ്രകടിപ്പിക്കാന്‍ കഴിവു നേടണം.
  • ഒരു ലക്ഷം വരെയുള്ള സംഖ്യകള്‍ പറയാനും വായിക്കാനും എഴുതാനും കഴിവു നേടണം. സംഖ്യകളില്‍ ചെറുതു്, വലുതു് എന്നിവ തിരിച്ചറിയണം.
  • സംഖ്യകളുടെ ചതുഷ്ക്രിയകള്‍ (നാലക്ക സംഖ്യകളുടെ വരെ സങ്കലനം, വ്യവകലനം, ഗുണനം, ഗുണനപ്പട്ടിക ഉപയോഗിച്ചു് രണ്ടക്കസംഖ്യയെ ഹരിക്കല്‍) ചെയ്യാന്‍ കഴിവു നേടണം.
  • ചതുഷ്ക്രിയകള്‍ ഉപയോഗിച്ചു് പ്രായോഗിക പ്രശ്നങ്ങള്‍ അപഗ്രഥിച്ചു് ഉത്തരം കണ്ടെത്താന്‍ കഴിയണം.
  • ചുറ്റുമുള്ള സസ്യങ്ങള്‍, ജന്തുക്കള്‍ തുടങ്ങിയവ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും താത്പര്യം ഉണ്ടാവണം.
  • വ്യക്തി ശുചിത്വം, പരിസര ശുചിത്വം, രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍ നേടണം.
ഇതൊക്കെയാണ് ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോഴേക്കും കുട്ടി നേടേണ്ട നൈപുണികള്‍.

കൂടാതെ സമൂഹത്തിനു അനുഗുണമായിട്ടുള്ള മൂല്യങ്ങള്‍ക്ക് (പരസ്പര സ്നേഹം, ദയ, സത്യസന്ധത, ദേശസ്നേഹം തുടങ്ങിയവ) വിത്തുപാകേണ്ടതും ഈ ഘട്ടത്തില്‍ത്തന്നെ.

പുതിയ പാഠപുസ്തകം


മുകളില്‍ കൊടുത്തിരിക്കുന്ന അറിവുകളും മൂല്യങ്ങളും കുട്ടിയിലെത്തിക്കുന്നതിനുള്ള ഉപാധിയാണു് പാഠപുസ്തകം. അതു് കുട്ടിയുമായി നേരിട്ട് സംവദിക്കുന്നതായിരിക്കണം.
കുട്ടിയുടെ മനസ്സിനു് ഇണങ്ങുന്ന ലളിതമായ പ്രവര്‍ത്തനങ്ങളാണു് പാഠപുസ്തകത്തില്‍ ഉണ്ടാവേണ്ടതു്. എങ്കില്‍ മാത്രമെ കുട്ടിക്കു് അതിനോടു് താത്പര്യം ഉണ്ടാവു....
നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം നിലവില്‍ വന്ന ഒന്നു് ,മൂന്നു് ക്ലാസ്സുകളിലെ ഭാഷ ,ഗണിത പാഠപുസ്തകങ്ങളിലെ പല പ്രവര്‍ത്തനങ്ങളും കുട്ടികളുടെ നിലവാരത്തിനും മുകളിലാണു്. മാത്രമല്ല പുസ്തകം വായിച്ചുനോക്കുന്ന രക്ഷിതാക്കള്‍ക്കും പഠനപ്രവര്‍ത്തനത്തിനെക്കുറിച്ചു് ഒരു ഏകദേശരൂപം പോലും ലഭിക്കുകയില്ല.
ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ആദ്യത്തെ പാഠം നോക്കുക.

അമ്മുവിനു കുട വാങ്ങി.
പുതിയ കുട....പുള്ളിക്കുട.
മഴ വരുമോ?
അമ്മു ആകാശം നോക്കി.
മഴ വന്നില്ല.....

ഒരു കഥയിലൂടെയാണു് അദ്ധ്യാപിക കുട്ടിയെ പാഠഭാഗത്തു് എത്തിക്കുന്നതു്.
അതിനുശേഷം പാഠത്തിലുള്ള വരികള്‍ ബോര്‍ഡിലെഴുതുന്നു, വായിക്കുന്നു.
കുട്ടികള്‍ കേട്ടു വായിക്കുന്നു. ഒരു അക്ഷരം പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത കുട്ടിക്കു് ഈ വായന കൊണ്ടു് ഒരു നേട്ടവും ഉണ്ടാവില്ല. സ്വരങ്ങള്‍ വ്യഞ്ജനങ്ങള്‍, ചിഹ്നങ്ങള്‍, കൂട്ടക്ഷരങ്ങള്‍, ഇവയെല്ലാം ഒരുമിച്ചു കാണുന്നതു് പഠനം കൂടുതല്‍ സങ്കീര്‍ണ്ണമാകാനേ ഉപകരിക്കൂ.. തുടര്‍ന്നു വരുന്ന പാഠങ്ങളും ഇതുപോലെ സങ്കീര്‍ണ്ണമാണു്. അദ്ധ്യാപികയ്ക്കു് അദ്ധ്യാപകസഹായി ഇല്ലാതെ ഈ പാഠങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിക്കുക അസാദ്ധ്യം. ഈ പാഠപുസ്തകവും അദ്ധ്യാപകസഹായിയും ചേര്‍ത്തു വച്ചു പഠിപ്പിച്ചാലും, ശരാശരി നിലവാരം പുലര്‍ത്തുന്ന കുട്ടികളിലേക്കു് അക്ഷരങ്ങളും ചിഹ്നങ്ങളും എത്തുന്നില്ല. ഒന്നാം തരത്തിലെ പാഠപുസ്തകം കുട്ടിയോടു നേരിട്ടു സംവദിക്കുന്നില്ല എന്നതു് വലിയ ഒരു പോരായ്മയാണു് .

മൂന്നാം തരത്തിലെ മലയാളപാഠപുസ്തകത്തിനു് ഇത്രയും പോരായ്മകളില്ല. പഠനപ്രവര്‍ത്തങ്ങളുടെ ബാഹുല്യമാണു്
അതിലെ പ്രധാന പ്രശ്നം. കവിത, കഥ, കത്തു്, തലക്കെട്ടു്, യാത്രാവിവരണം, വാര്‍ത്ത, സംഭാഷണം, വിവരണം, മുദ്രാഗീതം, ഡയറി, ആസ്വാദനക്കുറിപ്പു്, നോട്ടീസ്, ജീവചരിത്രക്കുറിപ്പു് തുടങ്ങിയവ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണു് മൂന്നാം തരത്തില്‍ ചെയ്യിക്കേണ്ടതു്. ഇവയില്‍ മുദ്രാഗീതം, ആസ്വാദനക്കുറിപ്പു് എന്നിവ തുമ്പിയെക്കൊണ്ടു് കല്ലെടുപ്പിക്കുന്ന ജോലിയാണു് എന്നു പറയാതെ തരമില്ല. മറ്റുള്ളവ പല സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചു് ഉറപ്പിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ. കൂടാതെ ശ്രാവ്യ വായന(ഉച്ചത്തിലുള്ള വായന), കവിത, നാടന്‍ പാട്ട് , എന്നിവയുടെ ആലാപനം, കടംകഥകള്‍ പഴഞ്ചൊല്ല്, നാടകാഭിനയം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ വേറെയും ഉണ്ടു്. പകുതിയിലേറെ വരുന്ന കുട്ടികള്‍ക്കു വേണ്ടി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നല്കേണ്ടതുണ്ടു്. ഒരു അദ്ധ്യയനവര്‍ഷത്തില്‍ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുക അപ്രായോഗികമാണു്.

അതിനാല്‍ പ്രൈമറിതലത്തില്‍ ഭാഷാനൈപുണികള്‍നേടുന്നതിനുള്ള പഠനപ്രവര്‍ത്തനങ്ങളുടെ എണ്ണവും കാഠിന്യവും കുറയ്ക്കുന്നതാണു് അഭികാമ്യം. പാഠപുസ്തകങ്ങള്‍ , പ്രത്യേകിച്ചു് ഒന്നാം തരത്തിലെ പാഠപുസ്തകം, കുട്ടികളോടു് നേരിട്ടു് സംവദിക്കുന്നവയായിരിക്കണം. ജീവിതത്തിലങ്ങോളം അതിന്റെ മാസ്മരഗന്ധം അവനെ നയിക്കണം.

ഭാഷാപഠനം ഒരു താരതമ്യം



ആശയം --->വാക്യം ---->വാക്കു് --->അക്ഷരം


ഇതാണു് പ്രൈമറി ക്ലാസ്സുകളില്‍ ഭാഷ പഠനത്തില്‍ എഴുത്തും വായനയും സ്വായത്തമാക്കാന്‍ സ്വീകരിച്ചിട്ടുള്ള പുതിയ പഠനക്രമം. മുന്‍പു് ഇതു് നേരെ തിരിച്ചായിരുന്നു. അതായതു്,

അക്ഷരം--->വാക്കു്--->വാക്യം--->ആശയം


എന്റെ അനുഭവത്തില്‍ അക്ഷരങ്ങള്‍ തിരിച്ചറിയാത്ത ഒന്നാം ക്ലാസ്സിലെ കുട്ടി വാക്യങ്ങള്‍ കാണുമ്പോള്‍ വാക്കുകളിലേക്കും അക്ഷരങ്ങളിലേക്കും എത്തുന്നില്ല. മറിച്ചു് ഒറ്റത്തവണ അദ്ധ്യാപിക വായിക്കുമ്പോഴേക്കും അതു് മനഃപാഠമാക്കി ആവര്‍ത്തിക്കുന്നു..അവനു് അക്ഷരം മനസ്സിലാക്കുക എന്നതു് വളരെ സങ്കീര്‍ണമായി അനുഭവപ്പെടുന്നു. കാരണം, അവനു് യാതൊരു പരിചയവുമില്ലാത്ത അക്ഷരങ്ങള്‍ ഒന്നിച്ചു് അണിനിരക്കുന്നു എന്നതുതന്നെ. ഒന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകമാകട്ടെ, അഞ്ചുവയസ്സുകാരനോടു് നീതി പുലര്‍ത്തുന്നതേയില്ല . (പഠനത്തില്‍ രക്ഷിതാക്കളുടെ സഹായം ലഭിക്കുന്ന കുട്ടികള്‍ക്കും പരിമിതമായ സമയത്തില്‍ ഉയര്‍ന്ന ഗ്രഹണശേഷി പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കും ഈ പ്രശ്നം മറികടക്കാന്‍ കഴിയും. പക്ഷേ ഭുരിഭാഗം കുട്ടികളും പഠനകാര്യത്തില്‍ രക്ഷിതാക്കളുടെ സഹായമില്ലാത്ത ശരാശരിക്കാരാണു് .)

ശരിയായ രീതി, ലളിതമായ പദങ്ങളിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞതിനു ശേഷം, പരിചിതമായ ആശയങ്ങള്‍ വാക്യങ്ങളില്‍ പ്രകടിപ്പിക്കുന്നതിനു് അവര്‍ക്കു് അവസരം നല്കുക. അതായതു്

കുട്ടിക്കു് പരിചിതമായ വാക്കു്--->അക്ഷരം -->-ആശയം-->വാക്യം


എന്നാകാമതു്. ഇത് കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
പഴയ പാഠ്യപദ്ധതിയില്‍ കുട്ടിക്കു് സ്വന്തം ആശയങ്ങള്‍ പറയാനോ എഴുതാനോ അവസരമുണ്ടായിരുന്നില്ല. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു് ഉത്തരം കാണാതെപഠിച്ചു് എഴുതിയാല്‍ മാര്‍ക്കു കിട്ടും. പരീക്ഷ കഴിയുന്നതോടെ അവ മറന്നു പോകുന്നു. എന്നാലിപ്പോള്‍ എഴുതുന്നതും പറയുന്നതും മുഴുവന്‍ ചര്‍ച്ചയിലൂടെയോ നിരീക്ഷണത്തിലൂടെയോ കുട്ടി ആര്‍ജ്ജിച്ചെടുത്ത ആശയങ്ങളാണു്. അതിനാല്‍ കുറേകാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കും.

പറഞ്ഞുവന്നതു് ചുരുക്കിപ്പറയാം...പുതിയ പാഠ്യപദ്ധതിയില്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ ഉപയോഗിച്ചിട്ടുള്ള രീതി ഒരു ശരാശരി വിദ്യാര്‍ത്ഥിക്കു് കാഠിന്യമേറിയതാണു്. ഇതാണ് പുതിയ പഠനരീതിയിലെ ഏറ്റവും വലിയ അപാകത. എന്നാല്‍ ഒരുവിധം അക്ഷരങ്ങളും ചിഹ്നങ്ങളും മനസ്സിലാക്കിയ കുട്ടിക്കു് കുറിപ്പു്, കത്തു്, വിവരണം തുടങ്ങിയവ സ്വയം എഴുതുന്നതു അവന്റെ ആത്മാവിഷ്കാരമായി അനുഭവപ്പെടും. ഇതു് പുതിയപാഠ്യപദ്ധതിയിലെ വിപ്ലവകരമായ മാറ്റം . കാക്കയെക്കുറിച്ചു് കുട്ടി കുറിപ്പു് തയ്യാറാക്കുന്നു, പിറന്നാളിനു ക്ഷണിച്ചുകൊണ്ടു് കത്തെഴുതുന്നു, സ്വന്തം ഗ്രാമത്തെക്കുറിച്ചു് വിവരണം , കുട്ടിക്കവിത എന്നിവ തയ്യാറാക്കുന്നു......പ്രൈമറിതലത്തില്‍ നാലാംതരത്തിലെത്തുമ്പോഴേക്കും കുട്ടി അവന്റെ സ്വന്തം ആശയങ്ങള്‍ എഴുതി പ്രകടിപ്പിക്കുവാന്‍ പ്രാപ്തി നേടുന്നു . ഈ ഒരു സാധ്യത പഴയ പ്രൈമറിക്ലാസ്സുകളില്‍ ഉണ്ടായിരുന്നില്ല.

ഗണിതം



തുടര്‍ച്ചയായി എണ്ണല്‍, സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ചതുഷ്ക്രിയകള്‍ ഉള്‍ക്കൊള്ളുന്ന പ്രായോഗിക പ്രശ്നങ്ങള്‍, അളവുകള്‍. നാലു വരെ ക്ലാസ്സുകളില്‍ കുട്ടി സ്വായത്തമാക്കേണ്ട ഗണിതാശയങ്ങള്‍ ഇവയാണു്.
പഴയ പാഠ്യപദ്ധതിപ്രകാരം തുടര്‍ച്ചയായി എണ്ണുകയും എഴുതുകയും ചെയ്യുക, കൂട്ടല്‍പ്പട്ടിക, ഗുണനപ്പട്ടിക എന്നിവ കാണാതെ പഠിക്കുക, അവ ഉപയോഗിച്ച് ധാരാളം കണക്കുകള്‍ ചെയ്യുക, ഇതാണ് ചെയ്തിരുന്നത്. ഇപ്പോള്‍ കൂട്ടല്‍പ്പട്ടിക കാണാതെ പഠിക്കേണ്ട, ഗുണനപ്പട്ടികയും കാണാതെ പഠിക്കേണ്ട. തീര്‍ത്തും തെറ്റായ ഒരു ആശയമാണ് ഗുണനപ്പട്ടിക കാണാതെപഠിക്കേണ്ട എന്നതു്. വസ്തുക്കള്‍ ഉപയോഗിച്ചു് ആവര്‍ത്തന സങ്കലനമാണു് ഗുണനം എന്നു മനസ്സിലാക്കിയ ശേഷംകുട്ടി, പട്ടിക കാണാതെ ചൊല്ലാന്‍ പഠിക്കുകതന്നെവേണം. അല്ലാതെ ഓരോ തവണയും പട്ടിക നിര്‍മ്മിക്കല്‍ പ്രായോഗികമല്ല.

പഴയരീതിയില്‍ ആവര്‍ത്തനസങ്കലനമാണു് ഗുണനം എന്നു് തിരിച്ചറിയാന്‍ കുട്ടിക്കു് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ടു് യാന്ത്രികമായ പഠനമായിരുന്നു, അതു്. പുതിയരീതിയില്‍ ആശയം ഗ്രഹിക്കാന്‍ കുട്ടിക്കു് അവസരമുണ്ടു്. അതോടൊപ്പം കാണാതെ പഠിക്കുക കൂടി ചെയ്താല്‍മാത്രമേ വലിയ ക്ലാസ്സില്‍ അടുക്കോടുംചിട്ടയോടുംകൂടി പ്രയോഗിക്കാന്‍ കഴിയൂ.
വ്യത്യസ്ത രീതിയില്‍(divergent thinking) ക്രിയ ചെയ്യുക എന്നതാണു് മറ്റൊരു ആശയം. ശരാശരിയില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കു് പ്രൈമറിതലത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനേ അതുപകരിക്കൂ. മറിച്ചു് മിടുക്കരായവര്‍
സ്വാഭാവികമായിത്തന്നെ വ്യത്യസ്ത രീതിയില്‍ ക്രിയ ചെയ്യും. ഉദാഹരണത്തിന് 45+67+3=? മിടുക്കന്മാര്‍
40+60=100,7+3=10 ആകെ110+5=115എന്നോ മറ്റൊരു ക്രമത്തിലോ കണ്ടെത്തും. ശരാശരിക്കാര്‍ക്കു്

45+
67
3

എന്നു് എഴുതിയാലേ ക്രിയ ചെയ്യാന്‍ കഴിയൂ.. വ്യവകലന ഗുണനപ്രവര്‍ത്തനങ്ങളിലും ഇതേ പ്രശ്നങ്ങള്‍ കാണാം.
ശരാശരിക്കാരുടെ നിലവാരമനുസരിച്ച് പഠനപ്രവര്‍ത്തനം ഒരുക്കണം. അല്ലെങ്കില്‍ ഭൂരിപക്ഷക്കാരായ ശരാശരിക്കാര്‍ പിന്നാക്കാവസ്ഥയിലാവും.

അതുപോലെ മറ്റൊരു ന്യൂനത പഠനപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഗണിതപുസ്തകത്തില്‍ കൊടുത്തിട്ടില്ല എന്നതാണു്. ഓരോ ക്രിയക്കും സൂചനകള്‍ മാത്രമോ ഒരു പ്രവര്‍ത്തനം മാത്രമോ നല്കിയിരിക്കുന്നു. ക്ലാസ് പിടിഎ യില്‍ എല്ലാം വിശദീകരിക്കുന്നതിനേക്കാള്‍ പ്രായോഗികം, പുസ്തകം അവര്‍ക്കുകൂടി (രക്ഷിതാക്കള്‍ക്കു്) മനസ്സിലാകുന്ന തരത്തില്‍ അച്ചടിക്കുക എന്നതാണു്. പുസ്തകത്തില്‍ എല്ലാപ്രവര്‍ത്തനങ്ങളും നല്കുക, ശരാശരിക്കാരനെ കേന്ദ്രീകരിക്കുക , ചിലവസ്തുതകള്‍ മനസ്സിലാക്കി കാണാതെപഠിക്കുന്നതിനു് അവസരം നല്കുക എന്നിവ ഗണിതപുസ്തകം നിര്‍മ്മിക്കുമ്പോള്‍ കണക്കിലെടുക്കണമെന്നാണു് എന്റെ അഭിപ്രായം.

അദ്ധ്യാപക ക്ലസ്റ്ററുകളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളെ പാഠപുസ്തകനിര്‍മാണസമിതികളില്‍ ചര്‍ച്ചചെയ്യപ്പെടുകയും
അവകൂടി പരിഗണനയിലെടുത്തുകൊണ്ടു് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പലതും പരിഹൃതമാകും

പലവിധ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായതാണു് പാഠ്യ പദ്ധതി പരിഷ്കരണം. ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ഇനിയും മാറ്റങ്ങള്‍ വരും. അടുത്തവര്‍ഷമെങ്കിലും അടിസ്ഥാനപരമായിട്ടുള്ള അപാകതകള്‍ പരിഹരിച്ചികൊണ്ടുള്ള ഒരു മാറ്റം പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ അദ്ധ്യാപകര്‍.............

10 comments:

vimal said...

http://enableit.in ഐടി യുടെ സ്ഥാനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എവിടെ എവിടെ എന്ന് ചര്‍ച്ചക്കുള്ള വേദിയാണ്.

http://www.freelists.org/list/enableit ഈ മെയിലിങ്ങ് ലിസ്റ്റും ഇതോടനുബന്ധിച്ചുണ്ട്.

JAYARAJ SIVADASAN said...

ടീച്ചര്‍ പറഞ്ഞത് വളരെ ശരിയാണ്. പഴയ പദ്ധതിയില്‍ അതായതു ഞാനൊക്കെ പഠിച്ചു വന്ന സമ്പ്രദായത്തില്‍ സ്വന്തം ആശയങ്ങള്‍ എഴുതാന്‍ അവസരം ഉണ്ടായിരുന്നില്ല. ചോദ്യം - ഉത്തരം ഇത് മാത്രമായിരുന്നു എന്റെയൊക്കെ വിദ്യാഭ്യാസം വിദ്യാഭ്യാസം. ഇത് ശരശരിക്കാരന് വലിയ ബുദ്ധിമുട്ടാണ്. ചില അദ്ധ്യാപകരും ഏകദേശം അത് പോലെ തന്നെയായിരുന്നു. ഒട്ടും Creative ആയിരുന്നില്ല. പുസ്തകത്തിലെ വാക്കുകള്‍ ആവര്‍ത്തിക്കാത്തകൊണ്ട് പരീക്ഷക്ക്‌ മാര്‍ക്കു കുറഞ്ഞു പോകാറുള്ളത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്തായാലും തുടര്‍ച്ചയായ വിശകലനങ്ങളും സാധുവായ വിമര്‍ശനങ്ങളും ഒക്കെ ആയി നമ്മുടെ പാഠ പുസ്തകങ്ങള്‍ പരിഷ്കരിക്കപ്പെടുന്നുണ്ട് എന്നുള്ളത് ഒരു വലിയ കാര്യം ആണ്. മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ വളരെ പിന്നിലാണ്. ടീച്ചറെ പോലുള്ളവര്‍ ആണ് ഈ തലമുറയ്ക്ക് ആവശ്യം.

Malappuram IT said...

വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. പൊതുചര്‍ച്ചകളും വിമര്‍ശനങ്ങളും കൊണ്ട് ഇതിനെ മിനുക്കിയെടുക്കേണ്ടതുണ്ട്. ടീച്ചറെ പോലുള്ളവരുടെ കൂട്ടായ്മയും ചര്‍ച്ചാവേദിയും ഉണ്ടാവണം.ചര്‍ച്ചകള്‍ തുടരട്ടെ ...

നിര്‍മ്മല said...

ജയരാജ്, എംടിസി,
ബ്ലോഗ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി.

അനുഭവസമ്പത്തുള്ള അദ്ധ്യാപകരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും ചര്‍ച്ചചെയ്യുന്നതിനും ഓണ്‍ലൈനായി അവസരം നല്‍കുന്നത് പാഠ്യപദ്ധതി പരിഷ്കരണം കുറ്റമറ്റതാക്കാന്‍ സഹായിക്കും . ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കാം

Anonymous said...

വളരെ നന്നായിരിക്കുന്നു ...

Anonymous said...

great thinking.
what to do, the text books will never change as per your dreams or wishes
sorry i don't know typing malayalam

മാവേലി കേരളം said...

‘കൂടാതെ സമൂഹത്തിനു അനുഗുണമായിട്ടുള്ള മൂല്യങ്ങള്‍ക്ക് (പരസ്പര സ്നേഹം, ദയ, സത്യസന്ധത, ദേശസ്നേഹം തുടങ്ങിയവ) വിത്തുപാകേണ്ടതും ഈ ഘട്ടത്തില്‍ത്തന്നെ‘.

മുകളില്‍ പറഞ്ഞത് വായനക്കാ‍രി ഒരു അനുബന്ധമായി ചെര്‍ത്തീ‍രിക്കുന്നതില്‍ നിന്ന് ആ ഭാഗത്തിനത്ര പ്രാധാന്യം കോടുക്കുന്നുവോ എന്നു സംശയിക്കുന്നു.

നമ്മുടേതുപോലെ വ്യത്യാസമുള്ള ഒരു സമൂഹത്തില്‍ അദ്ധ്യ്യപകര്‍ വളരെ പ്രധാന്യംകൊടുക്കേണ്ട ഒന്നാണ്‍്‍് അത്.

ഗണിതവിഭാഗത്തിലെ ഒരു വിഷമം താഴെക്കാണിച്ച ഉദാഹരണത്തിലൂടെ വ്യക്തമാക്കിയല്ലോ.

‘സ്വാഭാവികമായിത്തന്നെ വ്യത്യസ്ത രീതിയില്‍ ക്രിയ ചെയ്യും. ഉദാഹരണത്തിന് 45+67+3=? മിടുക്കന്മാര്‍
40+60=100,7+3=10 ആകെ110+5=115എന്നോ മറ്റൊരു ക്രമത്തിലോ കണ്ടെത്തും. ശരാശരിക്കാര്‍ക്കു്

45+
67
3‘


അവിടെ ആള്‍റ്റര്‍നേറ്റീവ് മെതേഡ് അറിയാവുന്ന മിടുക്കരെന്നു പറയുന്ന ഒരു കുട്ടിയെ സാധാരണക്കാരുമായി ചേര്‍ത്ത് ഒരു ഗ്രൂപുണ്ടാക്കിയിട്ട്, സാധാരാണക്കാരനൊടു, ആള്‍ടര്‍നേട്ടിവ് മെതേഡ് എങ്ങേനെ ചെയ്തു? അതൊന്നു എനിക്കുകൂടി പറഞ്ഞുതരാമോ എന്നു ചൊദിപ്പിക്കുക. അപ്പോള്‍ തീര്‍ശ്ചയായും അത് അറിവികൂടിയവന്‍ മറ്റുള്ളവനു പറഞ്ഞുമനസിലാക്കിക്കൊടുക്കേണ്ടതാണ്‍്. ആ തരത്തിലാണ്‍് ഗ്രൂപ്പുകള്‍ പുതിയ പഠനക്രമത്തില്‍ രൂപീകരിച്ചിരിക്കുന്നത്.

സാധാരണ ഗ്രൂപ്പിന്റെ ആവശ്യം സമൂഹ്യമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും കൂടിയാണ്‍്. ഇത് ടീച്ചേഴ്സ് ക്ലസ്റ്ററുകളില്‍ വിശദീകരിക്കുന്നുണ്ട് എന്നു കരുതുന്നു. സമൂഹ്യബോധവും പരസ്പര സഹായവുമൊക്കെ അതുവഴി വളര്‍ത്താന്‍ കഴിയും.

നിര്‍മ്മല said...

മാവേലി കേരളം,
ലേഖനം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി.

ജീവിതത്തിലെ സനാതനമൂല്യങ്ങള്‍ കുട്ടികള്‍ സ്വാംശീകരിക്കുന്നത് , പ്രധാനമായും മാതാപിതാക്കളില്‍നിന്നും മതങ്ങളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും മറ്റുമാണ്. ഇങ്ങനെ വിവിധങ്ങളായ മേഖലകളില്‍നിന്നും ആര്‍ജിക്കേണ്ട മൂല്യങ്ങള്‍ക്ക് അത് അര്‍ഹിക്കുന്ന പരിഗണന പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

സ്ഥാനവിലയെപ്പറ്റിയുള്ള തികഞ്ഞ അവബോധമാണ് കുട്ടിയെ ഈ ക്രമത്തിലുള്ള(45+67+3=40+60+5+7+3=115)
ഗണിതക്രിയയിലേക്കു നയിക്കുന്നത്. മൂന്നാം തരത്തിലുള്ള ശരാശരി കുട്ടിക്ക് പരിമിതമായ സമയത്തിനുള്ളില്‍ ഈ ക്രിയാരീതി (ഗ്രൂപ്പ് പ്രവര്‍ത്തനം ,സംഖ്യാകാര്‍ഡു് ഉപയോഗിക്കല്‍ എന്നിവയൊക്കെ ചെയ്താലും) സ്വായത്തമാക്കുന്നത് ദുഷ്കരമാണ് എന്നതാണ് എന്റെ അനുഭവം.

R Balachandran said...

full support to your idea

smith said...

We be sure that 카지노사이트 the net casino’s software program is water-tight